ചണ്ഡീഗഡ്: ശിരോമണി അകാലിദൾ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിനെ ആക്രമിച്ച കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗുരുദ്വാരയിൽ കഴിഞ്ഞ 13 നുണ്ടായ സംഭവത്തിൽ അറസ്റ്റിലായ പ്രതി ജസ്പാൽ സിംഗിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
62കാരനായ പ്രതിയെ 24 വരെയാണ് നന്ദേഡിലെ മുദ്ഖേഡ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. വ്യാഴാഴ്ച നന്ദേഡിലെ ഗുരുദ്വാരയ്ക്കുള്ളിൽ വെച്ചാണ് സെഡ് പ്ലസ് സുരക്ഷയിലുണ്ടായിരുന്ന സുഖ്ബീർ സിംഗ് ബാദലിനെതിരെ കത്തി ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ബാദലിന്റെ കൈക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ നേതാക്കൾ ശക്തമായി അപലപിച്ചിരുന്നു. 2024 ഡിസംബറിൽ അമൃത്സറിലെ സുവർണക്ഷേത്രത്തിൽവച്ച് സുഖ്ബീർ സിംഗ് ബാദലിനെ ഒരാൾ വെടിവയ്ക്കാൻ ശ്രമിച്ചിരുന്നു.